മഹാമാഘ മഹോത്സവം നടക്കുന്ന ഭാരതപ്പുഴയിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സ്നാനം ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
മൗനി അമാവാസി
(ജനുവരി 18)
മഹാശിവരാത്രിയ്ക്ക് തൊട്ടുമുമ്പു വരുന്ന അമാവാസിയാണ് മൗനി അമാവാസി. പിതൃക്കള്‍ ഏറ്റവും ശക്തരാവുന്ന ദിവസമാണിത്. അതുകൊണ്ടുതന്നെ പിതൃപൂജയ്ക്ക് ഉത്തമമായ ദിനം.
സമസ്തപിതൃക്കളെയും സ്മരിച്ച് മൗനമായി ഇരിയ്‌ക്കേണ്ടതായ നാളാണിത്.
ഉള്ളിലെ അലട്ടുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെല്ലാം ഈ മഹാമൗനത്തില്‍നിന്ന് ഉരുവമാകും. പ്രപഞ്ചത്തിലെ ആദ്യമനുഷ്യനായ മനു ഭൂമിയില്‍ കാലുകുത്തിയ ദിവസം. അതായത്, സ്വായംഭുവ മനു ഉത്ഭവിച്ച നാള്‍കൂടിയാണ് മൗനി അമാവാസി. മനു, ബ്രഹ്‌മാവിന്റെ പുത്രിയായ ശതരൂപയെ വിവാഹം ചെയ്തശേഷമാണ് മനുഷ്യകുലം ഉണ്ടായത്.
ഈ ദിവസം വ്രതാനുഷ്ഠാനങ്ങളോടെ പുണ്യനദിയില്‍ സ്‌നാനം ചെയ്ത് പിതൃക്കളെ സ്മരിച്ചാല്‍ പൂര്‍വ്വപരമ്പരയില്‍ വന്നുഭവിച്ച എല്ലാ ദോഷങ്ങളും മാറി ജീവിതം ഐശ്വര്യപൂര്‍ണ്ണമാകും.
ഈ ദിവസം നടക്കുന്ന പൂജകളില്‍ പങ്കെടുക്കുന്നത് പിതൃക്കളുടെ തൃപ്തി നേടിത്തരും.
തിരുനാവായയിൽ നടക്കുന്ന മഹാമാഘമഹോത്സവത്തിലെ മൗനി അമാവാസീസ്നാനം ജനുവരി 18 ന്.
മാഘഗുപ്ത നവരാത്രികളുടെ ആരംഭം
(ജനുവരി 19)
ദുർഗ്ഗയുടെ ഉഗ്രഭാവങ്ങളായ പത്ത് മഹാവിദ്യകളെ ഉപാസിയ്ക്കുന്നവർക്ക് ഉപാസന ആരംഭിയ്ക്കാൻ ഉത്തമമായ ദിനം.
പുറത്തേയ്ക്ക് അല്പവും പ്രകടിപ്പിയ്ക്കാത്ത ആചരണമാണ് ഗുപ്തനവരാത്രിയുടെ രീതി.
ആത്മീയസാധനകളും ധ്യാനവും ജപവുമെല്ലാം തുടങ്ങാൻ ശ്രേഷ്ഠമായ ദിനമാണിത്.
ശരീരത്തെ വിഷമിപ്പിയ്ക്കുന്ന വാത-പിത്ത-കഫ കോപങ്ങളെ അടക്കാൻ ഈ ആചരണം നല്ലതാണ്.
ശിശിരനവരാത്രി എന്നും ഇതിന് പേരുണ്ട്.
തന്ത്രിമാർ, ഉപാസകർ, ഭൗതികമായ പ്രശ്നങ്ങളെ ദേവതയിലൂടെ പരിഹരിയ്ക്കാനിറങ്ങുന്നവർ എന്നിവർക്ക് ക്രിയാരംഭത്തിന് ഈ ദിനം ശുഭം.
ആഷാഢഗുപ്തനവരാത്രി, മഹാനവരാത്രി, വസന്തനവരാത്രി തുടങ്ങിയ നവരാത്രികളിൽ രഹസ്യസാധനകൾക്കും ഗുപ്തപൂജകൾക്കും ഏറ്റവും ശ്രേഷ്ഠം മാഘമാസത്തിലെ ഗുപ്തനവരാത്രിയാണ്.
നിഗൂഢവും പ്രചണ്ഡവുമായ പത്ത് മഹാവിദ്യകൾ പ്രകൃതിയിൽ നടനമാടാൻ തുടങ്ങുന്ന ദിവസങ്ങളുടെ ആരംഭമായതിനാൽ, ഈ ദിവസത്തെ, വ്രതാനുഷ്ഠാനങ്ങളോടെയുള്ള പുണ്യനദീസ്നാനം ശ്രേയസ്കരം.
ധർമ്മധ്വജാരോഹണം
(ജനുവരി 19)
മലപ്പുറം ജില്ലയിലെ നിരുനാവായയിൽ ആരംഭിയ്ക്കുന്ന മഹാമാഘമഹോത്സവത്തിൻ്റെ ധർമ്മധ്വജാരോഹണം 2026 ജനുവരി 19 ന് തിരുനാവായയിൽ നടക്കും. 250 വർഷം മുൻപ് നിലച്ചുപോയ സാംസ്കാരികോത്സവത്തിൻ്റെ പതാകയാണ് വീണ്ടും ഇതേ ഭൂമിയിൽ ഉയരുന്നത്.
നദീപൂജയും നിളാ ആരതിയും ദേവതാവന്ദനവും പുണ്യസ്നാനവും ക്രിയാപദ്ധതികളുമെല്ലാം ഈ ദേശത്തിൻ്റെ നന്മയ്ക്കുവേണ്ടിയാണ് എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ടാണ് ഈ ധർമ്മധ്വജം ഉയരുന്നത്.
ചരിത്രത്തിൻ്റെ വീണ്ടെടുപ്പ്, ദേവതാപ്രഭാവങ്ങളുടെ തിരിച്ചുവരവ്, ധർമ്മത്തിലൂന്നിയ നല്ല കാലത്തിൻ്റെ ഉയിർത്തെഴുന്നേൽപ്പ്
ഇവയൊക്കെയാണ് ഈ ധ്വജം അർത്ഥമാക്കുന്നത്.
തിരുമൂർത്തി മലയിൽ നിന്നും രഥയാത്ര ആരംഭം
(ജനുവരി 19)
കേരളത്തിൻ്റെ കുംഭമേളയായ തിരുനാവായ മഹാമാഘമകത്തിൻ്റെ ആരംഭമായ രഥയാത്ര തുടങ്ങുന്നത് തമിഴ്നാട്ടിൽനിന്നാണ്. ഭാരതപ്പുഴയുടെ ആരംഭസ്ഥലത്തുനിന്ന് രഥയാത്ര
ജനുവരി 19 നാണ് ആരംഭം. തമിഴ്നാട്ടിലെ ഉഡുമൽപേട്ടയ്ക്കടുത്തുള്ള തിരുമൂർത്തിമലയിൽനിന്നും ഒഴുകിയെത്തുന്ന നിളയുടെ തീരത്തെ അമണലിംഗേശ്വർ ക്ഷേത്രത്തിനു മുന്നിൽനിന്നാണ് രഥയാത്ര പുറപ്പെടുന്നത്.
ശ്രീചക്രപൂജയ്ക്കുശേഷം മഹാമേരുവുമായി രഥം യാത്ര തുടങ്ങിയാൽ, ഉഡുമൽപേട്ട, പൊള്ളാച്ചി, കോയമ്പത്തൂർ, എട്ടിമടവഴി പാലക്കാടെത്തും.
പാലക്കാട്ടും കല്പാത്തിയിലും ഒരുക്കുന്ന സ്വീകരണങ്ങൾക്കുശേഷം രഥം ഷൊറണൂർ, ഒറ്റപ്പാലംവഴി ജനുവരി 22 ന് തിരുനാവായയിൽ എത്തിച്ചേരും.
നവകോടി അഷ്ടാക്ഷര മന്ത്രജപം
(ജനുവരി 19)
ഗണപതിഹോമം, ഭഗവതിസേവ
(ജനുവരി 19, 20)
നവകോടി അഷ്ടാക്ഷര മന്ത്രജപം
(ജനുവരി 20, 21)
ഗണേശജയന്തി
(ജനുവരി 22)
ഗണപതിഭഗവാൻ്റെ ജന്മദിനമാണ് ഗണേശജയന്തി .
മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർത്ഥിപക്കത്തിലാണ് ഗണേശജയന്തി.
തിലകുണ്ഡ് ചതുർത്ഥി എന്നും ഈ ദിനത്തിന് പേരുണ്ട്.
ചിങ്ങമാസത്തിലെ വെളുത്തപക്ഷത്തിലെ ഗണേശചതുർത്ഥിയേയും ഗണപതിയുടെ ജന്മനാളായി കണക്കാക്കാറുണ്ട്.
ഗണേശജയന്തി ഗണപതി ഈ പ്രപഞ്ചത്തിൽ ജന്മമെടുത്ത ദിവസവും
ഗണേശചതുർത്ഥി കൈലാസത്തിൽനിന്നും പിണങ്ങിപ്പോയ സുബ്രഹ്മണ്യനെ അന്വേഷിച്ച് സഹോദരനായ ഗണപതി ഭൂമിയിൽ എത്തിയ ദിവസവുമാണ്.
പ്രപഞ്ചം മുഴുവനായെടുത്താൻ പിറന്ന നാൾ ഗണേശജയന്തി. ഭൂമിയെ മാത്രമെടുത്താൽ ഗണേശൻ വന്നത് ഗണേശചതുർത്ഥിയ്ക്ക്.
ജീവിതത്തിൽ വിഘ്നങ്ങൾ സൃഷ്ടിയ്ക്കുന്നതും വിഘ്നങ്ങൾ മാറ്റുന്നതും ഗണപതിഭഗവാനായതിനാൽ, അദ്ദേഹം നമ്മളുടെ ഉള്ളിൽത്തന്നെയുണ്ടെന്ന് ഉറപ്പിയ്ക്കാം.
പുറത്തെ പ്രകൃതിയായ ബ്രഹ്മാണ്ഡത്തിൽ ഗണപതി ജന്മമെടുത്ത നാളാണ് ഗണേശജയന്തി.
എന്തിനെയും നടത്തിയെടുക്കാനും എന്തിനെയും തടയാനും കഴിയുന്ന ഒരു ഊർജ്ജപ്രഭാവം പ്രകൃതിയിൽ ഉടലെടുക്കുന്ന സമയത്ത് സംഭവിയ്ക്കുന്ന ആ മാറ്റം ഏറ്റവും കൂടുതലായി സ്വീകരിയ്ക്കുന്നത് ആ പ്രദേശത്തെ ജലാശയങ്ങളായിരിക്കും.
ഈ ദിവസത്തെ നദീസ്നാനം പ്രധാനമാകുന്നത് ഇങ്ങനെയാണ്.
പുറത്തെ പ്രകൃതി എന്ന ബ്രഹ്മാണ്ഡത്തിൻ്റെ നേർപതിപ്പാണ് നമ്മളുടെ അകത്തെ പ്രകൃതിയായ പിണ്ഡാണ്ഡം.
നമ്മളുടെ ഉള്ളിലെ പ്രകൃതിയെ, ഈ മാറ്റം ഏറ്റവും സ്വീകരിച്ച പുഴയോട് ചേർക്കുമ്പോൾ നമ്മളുടെ ഉള്ളിലും ഗണേശഭഗവാൻ പ്രഭാവമായുണരുന്നു.
ഗണേശജയന്തിനാളിലെ പുണ്യസ്നാനം ജീവിതത്തിൻ സർവ്വ ഐശ്വര്യങ്ങളും വന്നുചേരാൻ ഏറെ പ്രധാനമാണ്.
കേരളകുംഭമേളയായ, തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിലെ ഗണേശജയന്തീസ്നാനം ഭാരതപ്പുഴയിൽ ജനുവരി 22 ന്.
വസന്തപഞ്ചമി
(ജനുവരി 23)
ശ്രീപഞ്ചമിയെന്നും സരസ്വതീപഞ്ചമിയെന്നും വസന്തപഞ്ചമിയ്ക്ക് പേരുകളുണ്ട്.
മാഘമാസത്തിലെ ശുക്ലപക്ഷത്തിലെ അഞ്ചാമത്തെ ദിവസമാണ് വസന്തപഞ്ചമി.
കേരളത്തിൽ വിജയദശമിയ്ക്കാണെങ്കിലും; ഭാരതത്തിൽ മിക്ക ഇടത്തും കുട്ടികളെ എഴുത്തിനിരുത്തുന്നത് സരസ്വതീപ്രഭാവം നിറഞ്ഞുനിൽക്കുന്ന വസന്തപഞ്ചമിയ്ക്കാണ്.
വീഴുന്ന വിത്തെല്ലാം വളർന്നു വികസിച്ച് പൂത്തുലയുന്ന കാലമാണ് വസന്തം എന്നത്.
ചന്ദ്രൻ ബുദ്ധികാരകനും സങ്കല്പകാരകനുമാണ്. അതുകൊണ്ടുതന്നെ ഈ പഞ്ചമിയിൽ നമ്മളുടെ ചിന്തയിൽ വീഴുന്ന എന്തും സരസ്വതീടാക്ഷത്താൽ വളരുകയും പൂത്തുവിടർന്ന് വസന്തമാവുകയും ചെയ്യും.
കവികൾക്കും കലാകാരൻമാർക്കും വിദ്യാന്വേഷകർക്കും സരസ്വതിയും വസന്തവും ചേർന്ന ഈ ദിനത്തിലെ സ്നാനം ഏറെ പ്രധാനം.
പ്രകൃതിയിൽ പൂത്തുലഞ്ഞുനിൽക്കുന്ന സരസ്വതീചൈതന്യം പൂർണ്ണമായും സ്വീകരിച്ചാണ് അന്ന് ഭാരതപ്പുഴ ഒഴുകുന്നത്.
തിരുനാവായയിലെ കേരളകുംഭമേളയിലെ വസന്തപഞ്ചമീസ്നാനം
ജനുവരി 23 ന്.
മാകഷഷ്ടി
(ജനുവരി 24)
രഥസപ്തമി
(ജനുവരി 25)
മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ സപ്തമിയാണ് രഥസപ്തമി.
അന്ധകാരത്താൽ മൂടിയ പ്രപഞ്ചത്തിൽ സൂര്യൻ പിറന്ന ദിനമാണ് രഥസപ്തമി.
കശ്യപമഹർഷിയുടെയും ദേവമാതാവായ അദിതിയുടെയും മകനായി സൂര്യൻ പിറന്ന ദിവസം.
വിഷ്ണുവിൻ്റെ പ്രകാശഭാവമാണ് സൂര്യൻ. അതിനാൽ സൂര്യനാരായണൻ എന്നും സൂര്യനെ പറയുന്നു.
രഥസപ്തമിയിൽ സൂര്യൻ വടക്കേ അർദ്ധഗോളത്തിലേയ്ക്ക് മുഖം തിരിച്ചാണ് സ്ഥിതിചെയ്യുന്നത്. അതായത് ഉത്തരായനയാത്രയിലാണ്.
ദക്ഷിണഭാരതത്തിൽ ചൂട് കൂടിത്തുടങ്ങുന്നതും വസന്തസൂചനകൾ ആരംഭിയ്ക്കുന്നതും ഈ ദിനത്തോടെയാണ്.
സ്ഥിരം സഞ്ചാരമായതിനാൽ ഇരുന്ന് ജപിയ്ക്കാൻ പറ്റുന്നില്ല എന്ന സൂര്യഭഗവാൻ്റെ പരാതിയ്ക്ക് പരിഹാരമാകുന്നതും രഥസപ്തമിനാളിലാണ്. നടന്നു ജപിയ്ക്കുന്നതിനാലാണ് ഇരിയ്ക്കാൻ പറ്റാത്തത് എന്നതിനാൽ, സൂര്യന് ഒരേസമയം ഇരുന്ന് ജപിയ്ക്കാനും സഞ്ചരിയ്ക്കാനും ഏഴ് കുതിരകളെ പൂട്ടിയ രഥം ശിവഭഗവാൻ നൽകിയത് രഥസപ്തമിദിനത്തിലാണ്.
ഈ തേരിലെ ഏഴ് കുതിരകൾ ആഴ്ചയിലെ ഏഴ് ദിനങ്ങളെയും പ്രകാശത്തിലെ ഏഴ് രശ്മികളെയും സൂചിപ്പിയ്ക്കുന്നു. സൂര്യരഥത്തിലെ പന്ത്രണ്ട് ചക്രങ്ങൾ പന്ത്രണ്ട് രാശികളെ പ്രതിനിധാനം ചെയ്യുന്നു.
പുറത്തെ അന്ധകാരം മാറ്റാൻ സൂര്യൻ ജനിച്ച നാളായ രഥസപ്തമിയ്ക്ക് സൂര്യനെ ആരാധിച്ചാൽ, നമ്മളുടെ അകത്തെ അന്ധകാരത്തിലും ഒരു സൂര്യനുദിയ്ക്കുമെന്ന് നിശ്ചയം.
ജാതകത്തിൽ രവി അഥവാ സൂര്യൻ പ്രബലമെങ്കിൽ, അവർക്ക് ആത്മബലവും രോഗപ്രതിരോധശേഷിയും കൂടിയിരിക്കും.
ഇവർക്ക് നായകത്വം ഉണ്ടായിരിക്കും,
പ്രശസ്തരാവും. സൂര്യനെപ്പോലെത്തന്നെ കൃത്യനിഷ്ഠയും തത്ത്വനിഷ്ഠയും ഉള്ളവരുമായിരിക്കും.
കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് ഈ ദിവസത്തെ സൂര്യജപവും പുണ്യസ്നാനവും ഗുണമായി വരും.
ആദിത്യഹൃദയമന്ത്രം, സൂര്യാഷ്ടകം, സൂര്യകവചം എന്നിവ ചൊല്ലി, പുണ്യനദിയിൽ ഇന്നേദിവസം സ്നാനം ചെയ്യുന്നത് ജീവിതത്തിലെ പ്രശ്നപരിഹാരത്തിന് ഉത്തമമായ മാർഗ്ഗമാണ്.
ജീവിതത്തിലെ എല്ലാ പാപങ്ങളും
ചെയ്തുപോയ തെറ്റുകളും തീർത്ത അന്ധകാരത്തിൽനിന്നും പുറത്തുവരാൻ പറ്റിയ ദിവസം.
ഈ ദിവസം ചെയ്യുന്ന പുണ്യസ്നാനത്തോടെ ജീവിതത്തിൽ ഇനി പുതിയ പ്രഭാതം.
നവഗ്രഹദോഷങ്ങൾ മാറാനും ജീവിതത്തിൽ സൂര്യൻ പ്രബലനാവാനും അനുഗ്രഹമാവുന്ന പുണ്യനദീസ്നാനം കേരള കുംഭമേളയിൽ ജനുവരി 25 ന് തിരുനാവായയിലെ ഭാരതപ്പുഴയിൽ നടക്കുന്നു.
ഭീഷ്മാഷ്ടമി
(ജനുവരി 26)
കുരുവംശജനായ ശന്തനുരാജാവിന് ഗംഗാദേവിയിൽ ജനിച്ച ദേവവ്രതനാണ് പിന്നീട് ഭീഷ്മർ എന്നറിയപ്പെട്ടത്.
പൂർവ്വജന്മത്തിൽ ഭീഷ്മരുടെ ശത്രുവായി മാറിയ അംബ എന്ന പെൺകുട്ടിയാണ് മഹാഭാരതയുദ്ധത്തിൽ ഭീഷ്മരെ നേരിട്ട ശിഖണ്ഡി.
ശിഖണ്ഡിയെ മുൻനിർത്തി അർജ്ജുനൻ നടത്തിയ യുദ്ധത്തിൽ അർജ്ജുനശരമേറ്റ് ഭീഷ്മർ വീണു. ഇഷ്ടസമയത്ത് മരിക്കാനുള്ള ‘സ്വച്ഛന്ദമൃത്യു’ എന്ന വരം അച്ഛനായ ശന്തനു ഭീഷ്മർക്ക് നൽകിയിരുന്നു. ദക്ഷിണായനം മാറി ഉത്തരായനം ആവാൻ കാത്ത് ഭീഷ്മർ യുദ്ധഭൂമിയിൽ ശരശയ്യയിൽ അമ്പത്തെട്ടു ദിവസം കിടന്നു.
ദേവൻമാർ ഉണർന്നിരിക്കുന്ന ഉത്തരായനം ആരംഭിച്ചിട്ടാണ് ഭീഷ്മർ ദേഹം വിടുന്നത്.
ഈ ദേഹംവിട്ടിറങ്ങൽ നടത്തിയത് മാഘമാസത്തിലെ അഷ്ടമിയ്ക്കാണ്.
തൻ്റെ മരണത്തിനുമുമ്പ് ഭീഷ്മർ യുധിഷ്ഠിരന് ഉപദേശിച്ചതാണ് വിഷ്ണുസഹസ്രനാമം.
മനുഷ്യരുടെ ഒരു വർഷം എന്നത് ദേവതകൾക്ക് ഒരു ദിവസമാണ്. ഇതിൽ ദേവതകൾ ഉണർന്നിരിയ്ക്കുന്ന പകലാണ് ഉത്തരായനം.
ഉത്തരായനകാലത്ത് മരിക്കുന്നവർ സ്വർഗ്ഗത്തിലെത്തും.
ഉത്തരായനകാലത്ത് നടത്തുന്ന ജപം, പൂജ, ധ്യാനം, വ്രതം എന്നിവയ്ക്കെല്ലാം ഇരട്ടി ഫലമാണ്.
ഭീഷ്മാഷ്ടമിനാളിലെ പുണ്യസ്നാനം മോക്ഷദായകമാണ്.
പുണ്യസ്നാനവും വിഷ്ണുസഹസ്രനാമം ജപിയ്ക്കലും ഈ ദിനത്തിൽ ഏറെ പ്രധാനമാണ്.
പ്രകൃതിയിൽ വൈഷ്ണവചൈതന്യം നിറഞ്ഞുനിൽക്കുന്ന ഈ ദിനത്തിൽ പുണ്യനദീസ്നാനം ചെയ്താൽ അത് ഏവർക്കും വിഷ്ണുഭഗവാൻ്റെ അനുഗ്രഹം ലഭിയ്ക്കാൻ കാരണമാവുന്നു.
തിരുനാവായയിലെ ഭാരതപ്പുഴയിലെ ഭീഷ്മാഷ്ടമീസ്നാനം ജനുവരി 26 ന്.
മഹാനന്ദ നവമി
(ജനുവരി 27)
മാഘമാസത്തിലെ ശുക്ലപക്ഷത്തിലെ ഒമ്പതാമത്തെ ദിവസമാണ് മഹാനന്ദനവമി.
അതായത്, മാഘഗുപ്ത നവരാത്രി ജനുവരി 19 ന് പ്രതിപദത്തിൽ തുടങ്ങി, ഒമ്പതാം തിഥി ആയ നവമി തിഥിയിലാണ് മഹാനന്ദ അഥവാ മഹാനന്ദനവമി ആചരിയ്ക്കുന്നത്.
ദുർഗ്ഗാദേവിയേയും ലക്ഷ്മീദേവിയേയും തുല്യപ്രാധാന്യത്തോടെ ഈ ദിവസം പൂജിയ്ക്കുന്നു.
കൃത്യമായ ചിട്ടകളോടെ ഈ മാഘഗുപ്ത നവരാത്രിക്കാലം മഹാനന്ദവരെ അനുഷ്ഠിച്ചാൽ അശ്വമേധയാഗം നടത്തിയ ഫലം കിട്ടും എന്നാണ്.
ശത്രുക്കളെ ജയിക്കാനും ജീവിതതടസ്സങ്ങൾ മാറാനും ദാരിദ്ര്യം, ബുദ്ധിമുട്ടുകൾ എന്നിവ തീരാനും മഹാനന്ദനവമിയിൽ പുണ്യനദികളിലെ സ്നാനം സഹായിക്കുന്നു.
കേരളകുംഭമേള നടക്കുന്ന തിരുനാവായയിലെ മഹാനന്ദസ്നാനം ഭാരതപ്പുഴയിൽ ജനുവരി 27 ന്.
ഗുപ്ത വിജയദശമി
(ജനുവരി 28)
ഗുപ്തനവരാത്രി
(ജനുവരി 30)
ഒരു വ്യക്തിയുടെ പുറത്തേയ്ക്ക് ആഘോഷമായി വിദ്യാവിശേഷങ്ങൾ നടത്തുന്ന നവരാത്രിയാണ് സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ വരുന്ന മഹാനവരാത്രി.
ഇതു കൂടാതെ വേറെയും നവരാത്രികൾ ഉണ്ട്.
മാഘമാസത്തിലെ ശുക്ലപക്ഷത്തിലെ പ്രഥമമുതൽ നവമിവരെയുള്ള ദിവസങ്ങളെ മാഘഗുപ്തനവരാത്രി എന്ന് പറയുന്നു.
പുറത്തേയ്ക്ക് ആഘോഷമില്ലാതെയും ആർഭാടങ്ങളില്ലാതെയും ആചരിയ്ക്കുന്ന നവരാത്രിയാണ് ഇത്.
ആത്മീയസാധനയ്ക്കാണ് പ്രാധാന്യം. താന്ത്രികപൂജകൾക്കും മഹാവിദ്യകളെ ആരാധിയ്ക്കുന്നവർക്കും
ഉപാസകർക്കും ഏറെ പ്രധാനപ്പെട്ട ദിവസങ്ങളാണ് ഈ ഒൻപത് ദിനങ്ങൾ.
ആത്മീയമായ ഉണർവ്വിനും ജ്ഞാനം ഉണരാനും ജീവിതത്തിൽ സമൃദ്ധിയുണ്ടാവാനും ഭയാശങ്കങ്ങൾ മാറാനും ജീവിതപ്രശ്നങ്ങൾ തീരാനും ഈ നവരാത്രി ആചരണം പ്രധാനമാണ്.
പുറത്തെ പ്രകൃതിയിൽ ദുർഗ്ഗയുടെ പത്ത് മഹാവിദ്യകൾ ഗുപ്തമായുണരുന്ന സമയമാണിത്.
ഈ സമയത്തെ പ്രകൃതിയിലെ ആ മാറ്റം സ്വീകരിയ്ക്കുന്ന നദികളിലെ സ്നാനം നമ്മളുടെ ഉള്ളിലും ആ ദേവതയുടെ ഭാവമുണരാൻ കാരണമാവും.
പ്രകൃതിയിൽ ദേവീഭാവം ഏറ്റവും ശക്തമായ ദിവസമാണ് നവമിനാൾ.
ഈ ദിവസത്തെ ഭാരതപ്പുഴയിലെ പുണ്യസ്നാനംവഴി ഏവർക്കും അമ്മയെ വാരിപ്പുണരാം.
ജയ ഏകാദശി
(ജനുവരി 29)
ഏകാദശീവ്രതങ്ങളെല്ലാം പാപങ്ങളെ ഇല്ലാതാക്കുന്നവയാണ്.
എന്നാൽ, ജയ ഏകാദശി പാപങ്ങളെ ഇല്ലാതാക്കുകയും ഒപ്പം പുണ്യത്തെ നേടിത്തരുകയും ചെയ്യുന്നു.
ഭവിഷ്യപുരാണത്തിലൂടെ, ശ്രീകൃഷ്ണനും യുധിഷ്ഠിരനും തമ്മിലുള്ള ചോദ്യോത്തരരൂപത്തിലാണ് ജയ ഏകാദശിയുടെ പ്രാധാന്യം ലോകത്തിന് ലഭിയ്ക്കുന്നത്.
ജയ ഏകാദശിയ്ക്കുപുറകിലെ കഥ ഇങ്ങനെ:
അശ്രദ്ധയെന്ന പാപത്താൽ കൃത്യവിലോപം കാണിച്ച മാല്യവാനേയും പുഷ്പവതിയേയും ഇന്ദ്രൻ ശപിച്ച് പ്രേതലോകത്തിലേയ്ക്കാക്കി.
പൂർവ്വജന്മസ്മരണകൾ ഇല്ലാതിരുന്നിട്ടും, ഇപ്പോൾ പ്രേതലോകത്തായിരുന്നിട്ടും ഇവർ പാപങ്ങൾ ചെയ്യാതെ കഴിയാൻ ശ്രമിച്ചു.
ഇത്തരമൊരവസ്ഥയ്ക്ക് കാരണമെന്താണെന്ന് ആലോചിച്ച് ദുഃഖിച്ച്, ഭക്ഷണം കഴിയ്ക്കാതെയും ഉറങ്ങാതെയും തണുത്തുവിറച്ച് ഇവർ ഒരു രാത്രി മുഴുവൻ അരയാൽച്ചുവട്ടിലിരുന്നു.
ഈ ദിവസം ജയ ഏകാദശി ആയിരുന്നു.
ഭക്ഷണം കഴിയ്ക്കാതെയും ഉറങ്ങാതെയും ജീവിതതത്ത്വങ്ങൾ ചിന്തിച്ചിരുന്ന ഇരുവരും
അവർ പോലുമറിയാതെ അന്നത്തെ ദിവസം വ്രതം അനുഷ്ഠിച്ചതിനാൽ പാപം മാറി പുണ്യം നേടി, പിറ്റേന്ന് ഇവർ അവരുടെ ആ പഴയ ഗന്ധർവ്വരൂപത്തിൽ ദേവലോകത്തെത്തി.
ശാപം തീർന്ന് അപ്രതീക്ഷിതമായി മുന്നിലെത്തിയ ഇവരെ കണ്ട് ഇന്ദ്രൻ അത്ഭുതപ്പെട്ടു.
അറിയാതെ ആചരിച്ചാൽപോലും പാപം മാറി പുണ്യം ലഭിയ്ക്കുന്ന ഈ ഏകാദശിയേപ്പറ്റി അങ്ങനെ ലോകം അറിഞ്ഞു.
പാപം മാറുമെന്നുമാത്രമല്ല, പുണ്യങ്ങൾ വന്നുചേരുകയും ചെയ്യും. കൂടാതെ, പ്രേതജന്യമായ ഒരു ബുദ്ധിമുട്ടുകളും ഈ ഏകാദശി ആചരിയ്ക്കുന്നവരെ ബാധിയ്ക്കുകയും ഇല്ല എന്ന് കൃഷ്ണൻ യുധിഷ്ഠിരനോട് പറഞ്ഞു.
ജയ ഏകാദശീവ്രതം അനുഷ്ഠിച്ചാൽ വൈകുണ്ഠത്തിലെത്താം എന്നാണ് ശാസ്ത്രം.
പ്രകൃതിയിൽ സംഭവിയ്ക്കുന്ന ഈ അഭൂതപൂർവ്വമായ ഊർജ്ജപ്രവാഹത്തെ സ്വീകരിച്ചുനിൽക്കുന്ന ഭാരതപ്പുഴയിലെ സ്നാനത്തിലൂടെ ഏവർക്കും ഈ പുണ്യം നേടാവുന്നതാണ്.
തിരുനാവായയിൽ നടക്കുന്ന മഹാമാഘമഹോത്സവത്തിലെ ജയ ഏകാദശീസ്നാനം ഭാരതപ്പുഴയിൽ ജനുവരി 29 ന്.
മാഘദ്വാദശി
(ജനുവരി 30)
മാഘ പ്രയോദശി
(ജനുവരി 31)
മാഘപൂർണിമ തൈപൂയം
(ഫെബ്രുവരി 01)
മാഘ ചതുർദശി ദേശ ദേവ പൂജകൾ
ബ്രമ്ഹ വിഷ്ണു മഹേശ്വര പൂജ തളി തേവര് തൃപ്പങ്ങോട്ടപ്പൻ
(ഫെബ്രുവരി 02)
മാഘ പ്രതിപതം
ബ്രമ്ഹ വിഷ്ണു മഹേശ്വര പൂജ തളി തേവര് തൃപ്പങ്ങോട്ട് തേവര് പൂജ
(ഫെബ്രുവരി 02)
മാഘപൂർണ്ണിമാസ്നാനം
(ഫെബ്രുവരി 01)
മാഘമാസത്തിലെ പൗര്‍ണ്ണമിയ്ക്കാണ് മാഘപൂര്‍ണ്ണിമാസ്‌നാനം നടക്കുന്നത്.
ശകവര്‍ഷത്തിലെ പതിനൊന്നാമത്തെ മാസമായ മാഘമാസത്തിനെ ചന്ദ്രന്റെയും വിഷ്ണുവിന്റെയും മാസമായി കരുതുന്നു.
മാഘത്തിൽ ചന്ദ്രന്‍ പൂര്‍ണ്ണപ്രഭാവത്തില്‍ നില്‍ക്കുന്ന പൗർണ്ണമിദിനത്തില്‍, പ്രകൃതിയിലും നദികളിലുമെല്ലാം മഹാവിഷ്ണുവിന്റെ സാന്നിദ്ധ്യവും നിറയും എന്നാണ് ശാസ്ത്രം.
അതായത്, ചന്ദ്രന് പ്രഭാവമുണ്ട്, കൂടാതെ, ഭാരതപ്പുഴയില്‍ വിഷ്ണുവിന്റെ നിറസാന്നിദ്ധ്യവും.
അതുകൊണ്ടുതന്നെ ഈ ദിവസത്തിലെ നിളാസ്‌നാനവും ഏറെ പ്രധാനപ്പെട്ടതാണ്.
വ്യാസന്‍ ജനിച്ച ദിവസം ഇതാണ് എന്നും കരുതപ്പെടുന്നു.
ചന്ദ്രൻ, മഹാവിഷ്ണു എന്നിവരെക്കൂടാതെ മുരുകന് പ്രധാനമായ പൂയ്യം നാൾകൂടിയാണ് ഈ ദിവസം എന്ന പ്രത്യേകതയും ഉണ്ട്.
പ്രകൃതിയിലെ ഊർജ്ജനൃത്തങ്ങളെയെല്ലാം ഉടനടി സ്വീകരിച്ച് ശേഖരിച്ചുവെക്കുന്ന പുണ്യനദികളിൽ നടത്തുന്ന സ്നാനങ്ങളിലൂടെ ഏവർക്കും ഈ ദേവതാചൈതന്യത്തെ സ്വീകരിക്കാനാവും.
മഹാമാഘമഹോത്സവത്തിലെ മാഘപൂർണ്ണിമാസ്നാനം തിരുനാവായയിലെ ഭാരതപ്പുഴയിൽ ഫെബ്രുവരി 01 ന്.
മകം നക്ഷത്രം യതിപൂജ
(ഫെബ്രുവരി 03)
മകം – മാഘം
ശകവർഷത്തിൽ മാസത്തിന് പേര് തീരുമാനിയ്ക്കുന്നത് ഏത് നാളിലാണോ പൗർണ്ണമി വരുന്നത് എന്ന് നോക്കിയാണ്. മകം നക്ഷത്രത്തിൽ പൗർണ്ണമി വന്നാൽ ആ മാസത്തിൻ്റെ പേര് മകം. മകത്തിൻ്റെ സംസ്കൃതമാണ് മാഘം. അപ്പോൾ അത് മാഘമാസം. ഈ മാസത്തിനെ മാസങ്ങളിലെ പുണ്യമാസം എന്നാണ് ആചാര്യർ വിശേഷിപ്പിക്കുന്നത്.
യതിപൂജ
ഭാരതത്തിലെ ഏതൊരു വ്യക്തിയും ഏതെങ്കിലും ഒരു മഹർഷിയുടെ പരമ്പരയിൽപ്പെട്ടതായിരിയ്ക്കും. ഈ പുണ്യരാഷ്ട്രത്തിൽ ഏതൊരു കുലത്തിലും ഒരാളെങ്കിലും സന്ന്യാസം സ്വീകരിച്ച് യാത്രയായിട്ടു മുണ്ടാകും. അതുകൊണ്ടുതന്നെ ഒരു സന്ന്യാസിയെ നമസ്ക്കരിക്കുക എന്നതിനർത്ഥം, മഹത്തായൊരു പാരമ്പര്യത്തെ നമസ്ക്കരിക്കുക എന്നാണ്. യതിവര്യൻമാരെ ആദരിയ്ക്കുന്നതും സാഷ്ടാംഗം നമസ്ക്കരിക്കുന്നതും ഭാരതത്തിൻ്റെ മഹത്തായ പാരമ്പര്യങ്ങളിൽപ്പെടുന്നു.