Aal Deepa Yajnjam ML - mahamagham.com
Aal Deepa Yajnjam

ആൽ-ദീപ യജ്ഞം

2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ മലപ്പുറം ജില്ലയിലെ തിരുനാവായയിൽ കേരളത്തിൻ്റെ കുംഭമേള എന്നറിയപ്പെടുന്ന മഹാമാഘമഹോത്സവം നടക്കുകയാണ്.

പ്രകൃതിയിൽ ചില പ്രത്യേക കാലങ്ങളിൽ സംഭവിയ്ക്കുന്ന അഭൂതപൂർവ്വമായ ഊർജ്ജപ്രസരണങ്ങളെ രാഷ്ട്രത്തിനും വ്യക്തികൾക്കും ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് ആചാര്യൻമാർ കുംഭമേളകളും കല്പവാസവും പുഷ്ക്കരോത്സവവും മാഘമഹോത്സവും എല്ലാം ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്.
250 വർഷങ്ങൾക്കുമുൻപ് മുടങ്ങിപ്പോയ മഹാമാഘമഹോത്സവം ഇത്തവണ പഴയ അതേ ധാർമ്മികപ്രൗഢിയോടെ തിരിച്ചെത്തുകയാണ്.

തമിഴ്‌നാട്ടിലെ ഉഡുമൽപേട്ടയ്ക്കടുത്തുള്ള തിരുമൂർത്തിമലയുടെ അടിവാരത്തുനിന്നും ശ്രീചക്രപൂജ കഴിഞ്ഞ മഹാമേരുവുമായി രഥയാത്ര ജനുവരി 19 ന് രാവിലെ ആരംഭിയ്ക്കും.
ജനുവരി 22 ന് തിരുനാവായയിൽ എത്തുന്ന ഈ മഹാമേരുവിനടുത്ത് ഒരു കെടാവിളക്ക് ഉണ്ടായിരിക്കും.
കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിൽനിന്നും കുടുംബക്ഷേത്രങ്ങളിൽനിന്നും കാവുകളിൽനിന്നും സംഘമായി നയിക്കുന്ന ദീപപ്രയാണങ്ങൾ തിരുനാവായയിൽ എത്തി, ഈ കെടാവിളക്കിൽ അതത് ദേശത്തെ കാവുകളിലെ ദീപ,ദേവചൈതന്യത്തെ ലയിപ്പിയ്ക്കും.

അതിനുശേഷം സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകുന്ന സംഘങ്ങൾ ഓരോ ആലിൻതൈ സ്വന്തം ദേശത്ത് നട്ടുപരിപാലിയ്ക്കാനാണ് പൊതുവായ തീരുമാനം ഉണ്ടായിരിയ്ക്കുന്നത്.

ഈ ആലിൻതൈക്ക് ആദ്യമൊഴിയ്ക്കേണ്ട വെള്ളം മാഘമാസത്തിലെ ഊർജ്ജം നിറഞ്ഞുനിൽക്കുന്ന ഭാരതപ്പുഴയിലെ തീർത്ഥമാണ്.
ഈ ആലിൻതൈയുടെ വളർച്ചയും പുഷ്ടിയുമാണ് ഞങ്ങളുടെ ദേശത്തിൻ്റെ ക്ഷേമം എന്ന സങ്കല്പത്തിൽ, സംഘങ്ങൾ ഈ ആൽവൃക്ഷത്തെ സംരക്ഷിയ്ക്കേണ്ടതാണ്.

അതായത്,
ദേശത്തെ ദേവതാചൈതന്യത്തെ ദീപത്തിലൂടെ തിരുനാവായയിൽ എത്തിയ്ക്കുന്നു,
ഭാരതപ്പുഴയിലെ പുണ്യജലവും ഒരു ആലിൻതൈയുമായി മടങ്ങുന്നു,
സമസ്തദേവതകളുടെയും ചൈതന്യത്തെ അതത് ദേശങ്ങളിൽ എത്തിയ്ക്കുന്നു.

പുണ്യസ്നാനങ്ങളിലൂടെ,
പുണ്യവൃക്ഷങ്ങളിലൂടെ,
പുണ്യപ്രവൃത്തികളിലൂടെ
നമ്മൾക്ക് സമൂഹത്തെ ശക്തരാക്കാം.

Scroll to Top