തിരുനാവായ മാഹാത്മ്യം
മഹാവിഷ്ണുവിൻ്റെ ദിവ്യദേശങ്ങൾ എന്നറിയപ്പെടുന്ന 108 ദേശങ്ങളുണ്ട് ഭാരതത്തിൽ. ഇതിൽ വരുന്ന കേരളത്തിലെ പുണ്യദേശങ്ങളിലൊന്നാണ് തിരുനാവായ.
കേരളത്തിലുള്ള വിഷ്ണുവിൻ്റെ പുണ്യദേശങ്ങളിൽ ഏറ്റവും പുരാതനവും പ്രധാനവുമായ ദേശമാണ് ഇത്.
ഭാരതം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരുന്ന നവയോഗികൾക്ക് ഒരിയ്ക്കൽ
ഗണ്ഡകീനദിയിൽനിന്നും വിശേഷപ്പെട്ടൊരു സാളഗ്രാമം ലഭിച്ചു. ‘ഉത്തമമായ ഇടത്ത് പ്രതിഷ്ഠ നടത്തണം’ എന്ന അശരീരിയും കിട്ടി.
അവർ ഭാരതം മുഴുവൻ സാളഗ്രാമവുമായി സഞ്ചരിച്ച് പ്രതിഷ്ഠയ്ക്ക് കണ്ടെത്തിയത് നിളാതീരത്തെ തിരുനാവായയായിരുന്നു.
ആദ്യപ്രതിഷ്ഠ ഭൂമിയിൽ അന്തർധാനം ചെയ്തു.
നവയോഗികളിൽ രണ്ടാമനും ഇതുപോലൊരു സാളഗ്രാമം ലഭിച്ചു. അദ്ദേഹവും പ്രതിഷ്ഠയ്ക്ക് കണ്ടെത്തിയ ഭൂമി തിരുനാവായയായിരുന്നു.
എന്നാൽ ആ സാളഗ്രാമവും പ്രതിഷ്ഠാശേഷം ഭൂമിയ്ക്കടിയിൽ മറഞ്ഞു. ഇപ്രകാരം എട്ടുപേരുടെ പ്രതിഷ്ഠയും ഭൂമിയ്ക്കടിയിലേയ്ക്ക് അപ്രത്യക്ഷമായി. എട്ട് വിഗ്രഹങ്ങളും ഭൂമിയിൽ അന്തർധാനം ചെയ്തപ്പോൾ ഇളയവനായ കരഭാജനൻ അതിൻ്റെ കാരണത്തെപ്പറ്റി ചിന്തിച്ചു.
മഹാവിഷ്ണുവിൻ്റെ ഏത് ഭാവമാണ് പ്രതിഷ്ഠ എന്ന് തീരുമാനിയ്ക്കപ്പെടാത്തതാണ് വിഗ്രഹങ്ങൾ അപ്രത്യക്ഷമാകാൻ കാരണം എന്ന് തിരിച്ചറിഞ്ഞ കരഭാജനൻ, ‘ഇത് മുക്തിദായകനായ മുകുന്ദനാണ്’ എന്ന് കണ്ടെത്തി, അപ്രകാരം തീരുമാനിച്ച് പ്രതിഷ്ഠ നടത്തി.
ഭാരതപ്പുഴയിലെ വെള്ളംകൊണ്ടാണ് ധാര വേണ്ടതെന്നും താമരപ്പൂവാണ് സമർപ്പണപുഷ്പമെന്നും ദീപം നെയ്വിളക്കായിരിയ്ക്കണം എന്നും നേദ്യം പാൽപ്പായസമാണ് എന്നും തീരുമാനിച്ചപ്പോൾ പ്രതിഷ്ഠ ഉറച്ചു.
ജമദഗ്നി മഹർഷിയ്ക്കുള്ള ശ്രാദ്ധക്രിയകൾ പരശുരാമൻ ഇവിടെ ചെയ്തതായി വിശ്വസിയ്ക്കുന്നു.
മുക്തിപ്രദായകനായ മുകുന്ദൻ്റെ മുന്നിൽ, ദക്ഷിണഗംഗയെന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്ത്, അന്നുമിന്നും അനേകർ പിതൃക്കൾക്ക് മോക്ഷം നൽകാനായി ബലിക്രിയകൾക്കായി നിത്യം എത്തിക്കൊണ്ടിരിയ്ക്കുന്നു.
ഗജേന്ദ്രമോഷം കഥ തിരുനാവായ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്.
ഈ ഗജേന്ദ്രനെയാണ് ഇവിടെ ഗണപതിയായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്.
മഹാലക്ഷ്മി പ്രധാനപ്രതിഷ്ഠയായി വരുന്ന അത്യപൂർവ്വ ക്ഷേത്രവുമാണ് തിരുനാവായ.
ഭാരതപ്പുഴയുടെ വടക്കേക്കരയിലായി തിരുനാവാമുകുന്ദൻ്റെ ക്ഷേത്രം സ്ഥിതിചെയ്യുന്നു. തെക്കേക്കരയിലാണ് ബൃഹസ്പതി പ്രതിഷ്ഠിച്ച ബ്രഹ്മാവിൻ്റെ ക്ഷേത്രം. കുറച്ചുമാറി ഇതേ കരയിൽത്തന്നെ ശിവൻ്റെ ക്ഷേത്രവുമുണ്ട്.
ഈ മൂന്നുക്ഷേത്രങ്ങൾ അദൃശ്യമായൊരു ശ്രീചക്രത്തിലെ ത്രികോണത്തിൻ്റെ മൂന്ന് മൂലകളിലായാണ് സ്ഥിതിചെയ്യുന്നത്.
മദ്ധ്യബിന്ദുവിൽ രാജരാജേശ്വരി വിരാജിയ്ക്കുന്നു. രാജരാജേശ്വരിയുടെ സ്ഥാനം ഭാരതപ്പുഴയുടെയും ഈ ത്രികോണത്തിൻ്റെയും നടുവിലായിട്ടാണ്.
ഇപ്രകാരം അപൂർവ്വപ്രതിഷ്ഠകൾ നടത്തിയ ഒരു ഭൂമിയാണ് തിരുനാവായ – തവനൂർ ഭാഗങ്ങൾ.
ബ്രഹ്മാവ് നടത്തിയ യാഗത്തിൽ സമസ്തദേവതകളും വന്നുചേർന്ന ഭൂമി.
മാഘമാസത്തിൽ ഈ പ്രകൃതിയുടെ താളം മാറുകയാണ്.
പ്രചണ്ഡമായ ദേവതാപ്രഭാവം വന്നുനിറയുന്ന കാലം.
ഈ ദിവസങ്ങളിലെ പുണ്യനിളാസ്നാനവും പൂജാദികാര്യങ്ങളിൽ പങ്കെടുക്കുന്നതും വ്യക്തികൾക്കും ദേശങ്ങൾക്കും സമാജത്തിനും ഏറെ ശ്രേയസ്ക്കരമാണ്.
ബ്രഹ്മാവ് യാഗം നടത്തിയ ഭൂമി
കേരളക്കരയുടെ സൃഷ്ടിയ്ക്കുശേഷം പരശുരാമൻ ഈ ദേശത്തിൻ്റെ ഐശ്വര്യത്തിനും സമൃദ്ധിയ്ക്കുമായി ഒരു യാഗം നടത്താൻ ബ്രഹ്മാവിനോട് ആവശ്യപ്പെട്ടു.
ബ്രഹ്മാവ് യാഗം നടത്താൻ ആദ്യം തിരഞ്ഞെടുത്തത് സഹ്യപർവ്വതപ്രദേശത്തെ ആനമലനിരകളിലെ തിരുമൂർത്തിമലയായിരുന്നു.
എന്നാൽ, യജമാനപത്നിയായ സരസ്വതിയും കൂടെവന്ന ദേവതകളായ ലക്ഷ്മിയും പാർവ്വതിയും ഇന്ദ്രപത്നിയായ ശചീദേവിയും യാഗസ്ഥലത്ത് എത്താൻ താമസിച്ചതിനേത്തുടർന്ന് യാഗത്തിന് തടസ്സം വന്നു. വൈകി വന്ന ദേവതകളെല്ലാം നദികളായി കേരളക്കരയിലേയ്ക്ക് ഒഴുകി.
പരശുരാമൻ വീണ്ടും, യാഗഭൂമി കണ്ടെത്തി മുടങ്ങിയ യാഗം നടത്താൻ ബ്രഹ്മാവിനോട് അഭ്യർത്ഥിച്ചു.
ഉത്തമഭൂമിയന്വേഷിച്ച്, ദേവതകൾ നദിയായി മാറിയ പേരാറിൻ്റെ തീരത്തുകൂടി സഞ്ചരിച്ച് ബ്രഹ്മാവ് എത്തിയത് ഇന്ന് തവനൂർ എന്നറിയപ്പെടുന്ന താപസനൂരിലാണ്. സപ്തർഷികളും നവയോഗികളും അനേകം ഋഷിവര്യൻമാരും താപസരും തപം ചെയ്ത ഈ ഭൂമിയെയാണ് ബ്രഹ്മാവ് യാഗഭൂമിയായി തിരഞ്ഞെടുത്തത്.
ബ്രഹ്മാവ് ഇവിടെ യാഗം നടത്തിയത് പുണ്യമാസമായ മാഘമാസത്തിലായിരുന്നു.
യാഗത്തിൽ പങ്കെടുക്കാൻ സമസ്ത ദേവതകളും താപസനൂർ, തിരുനാവായ ദേശങ്ങളിൽ എത്തിച്ചേർന്നു.
നിളയിൽ സാന്നിദ്ധ്യമുള്ള സപ്തനദികൾക്കൊപ്പം ഗംഗാദേവിയുടെ നേതൃത്വത്തിൽ ഭാരതത്തിലെ എല്ലാ നദികളും എത്തിച്ചേർന്നു.
അങ്ങനെ നിള ഈ ഭാഗത്ത് ഭാരതപ്പുഴയായി മാറി.
ബ്രഹ്മാവ് യാഗം ചെയ്ത മാഘമാസത്തിൽ ഈ ദേശത്തെ എല്ലായിടത്തും, പണ്ട് യാഗത്തിനെത്തിയ ദേവതകളുടെ ചൈതന്യം ഉയർന്നുനിൽക്കും.
കൂടാതെ, ഈ കാലത്ത് ഭാരതത്തിലെ എല്ലാ പുണ്യനദികളുടെയും സാന്നിദ്ധ്യം ഭാരതപ്പുഴയിൽ ഉണ്ടായിരിയ്ക്കുകയും ചെയ്യും.
മാഘമാസത്തിൽ തിരുനാവായയിൽ വരുന്നതും ക്ഷേത്രദർശനം നടത്തുന്നതും പുണ്യനിളയിൽ സ്നാനം ചെയ്യുന്നതും സത്സംഗങ്ങളിൽ പങ്കെടുക്കുന്നതും പൂജാദികാര്യങ്ങൾ ചെയ്യുന്നതും ജപിയ്ക്കുന്നതും ധ്യാനിയ്ക്കുന്നതും ഉത്തമമാണെന്ന് ആചാര്യർ സാക്ഷ്യപ്പെടുത്തുന്നു.
പുണ്യസ്നാനത്തിൻ്റെ പ്രാധാന്യം
ഗ്രഹങ്ങളുടെ സഞ്ചാരഗതിയിൽ സംഭവിയ്ക്കുന്ന പ്രത്യേക സംഗമസ്ഥാനങ്ങളുടെ പ്രത്യേകതകളാൽ പ്രകൃതിയിൽ ചില കാലത്ത്, ചിലയിടത്ത്, അതിഗംഭീരമായ ദേവതാചൈതന്യങ്ങൾ ഉയർന്നുവരാറുണ്ട്.
പ്രകൃതിയിലെ ഈ മാറ്റങ്ങളെ ഏറ്റവും ആദ്യമായും അധികമായും സ്വീകരിയ്ക്കുന്നത് അതതിടങ്ങളിലെ തീർത്ഥങ്ങളാണ്.
ജന്മനാ ദേവതാപ്രഭാവം കൂടിയ പുണ്യനദികളിൽ ഈ ഭാവമാറ്റം ഏറെ ശക്തമായിരിക്കും.
ഈ സമയത്ത് ഒരു വ്യക്തി ആ തീർത്ഥസ്ഥാനത്തു വന്ന് സ്നാനം നടത്തിയാൽ പ്രകൃതിയിൽ അപ്പോൾ ഉണർന്നുനിൽക്കുന്ന ആ പ്രഭാവം വ്യക്തിയുടെ ഉള്ളിലും സംഭവിയ്ക്കും.
പ്രപഞ്ചമെന്ന ബ്രഹ്മാണ്ഡം സ്വീകരിച്ചതെല്ലാം അതിൻ്റെ പിണ്ഡാണ്ഡമായ ശരീരത്തിനും സ്വീകരിയ്ക്കാനാവും എന്നാണ് ശാസ്ത്രം.
ഇപ്രകാരം സ്വീകരിച്ച ദേവതാപ്രഭാവവുമായി ആ വ്യക്തി സ്വന്തം ദേശത്ത് ചെല്ലുമ്പോൾ അദ്ദേഹത്തിൻ്റെ ഉള്ളിലും സ്വന്തം കർമ്മമേഖലയിലും ഈ ദേവതയുടെ അനുഗ്രഹം തെളിഞ്ഞുവർത്തിയ്ക്കും.
ഒരിടത്ത് പ്രകൃത്യാ സംഭവിച്ച സ്വയംഭൂചൈതന്യത്തെ ഒരാൾ സ്നാനത്തിലൂടെ ഏറ്റെടുത്തശേഷം മറ്റൊരിടത്ത് ചെല്ലുമ്പോൾ ആ വ്യക്തിയുടെ കുടുംബവും ദേശവും ഈ ദേവതാചൈതന്യം സ്വീകരിയ്ക്കുകയാണ് ചെയ്യുന്നത്.
പ്രകൃതിവിഭവങ്ങൾ ധാരാളമുള്ള ഇടത്തുനിന്നും അവ ശേഖരിച്ച് പ്രകൃതിവിഭവങ്ങൾ കുറവുള്ള ഇടത്ത് കൊണ്ടുപോയി വിതരണം ചെയ്യുന്നതുപോലെയാണ് ഇത്.
അതുകൊണ്ടുതന്നെ ഒരു വ്യക്തി തിരുനാവായയിൽ എത്തി ആ ഭൂമിയിൽ സംഭവിയ്ക്കുന്ന അത്ഭുതകരമായ മാറ്റങ്ങളെ നിളാസ്നാനത്തിലൂടെ സ്വീകരിച്ച് സ്വന്തം ദേശത്തേയ്ക്ക് കൊണ്ടുപോകുമ്പോൾ; ഈ ദേവതകളെ രാജ്യം മുഴുവൻ വ്യാപരിപ്പിയ്ക്കുകകൂടിയാണ് ചെയ്യുന്നത്.
വ്യക്തിയും കുടുംബവും സമാജവും രാജ്യവും
ഈ വ്യക്തിയിലൂടെ സമ്പന്നവും സമൃദ്ധവും ശക്തവുമാവുന്നു.
ദേശത്തിൻ്റെയും സമാജത്തിൻ്റെയും കുടുംബത്തിൻ്റെയും കർമ്മരംഗത്തിൻ്റെയും വ്യക്തിജീവിതത്തിൻ്റെയും ഉയർച്ചയ്ക്കും ഉണർവ്വിനുമായി കേരളത്തിൻ്റെ കുംഭമേളയായ മഹാമാഘമഹോത്സവത്തിൽ പങ്കെടുത്ത്, പൂജാകാര്യങ്ങളിൽ ഭാഗമായി, പുണ്യസ്നാനം ചെയ്തു മടങ്ങാൻ ഏവരെയും തിരുനാവായയും ഭാരതപ്പുഴയും ക്ഷണിയ്ക്കുന്നു.